Saturday, December 1, 2012

ഇത് ഈ ബ്ലോഗിലെ എന്റെ അവസാനത്തെ പോസ്റ്റ്‌ ആണ്. താങ്കള്‍ക്ക് എന്റെ പുതിയ ബ്ലോഗിലേക്ക് സ്വാഗതംhttp://www.tomkonikkara.in/?lang=ml

Wednesday, August 24, 2011

QWERTY കീബോര്‍ഡും ചില ചിന്തകളും

സാധാരണയായി ഉപയോഗത്തിലുള്ള കീബോര്‍ഡിന്റെ അക്ഷര വിന്യാസരീതി alphabetical ഓര്‍ഡറില്‍ അല്ല. QWERTY കീബോര്‍ഡ് എന്നാണ് അവയെ വിളിക്കുന്നത്‌. അതിലെ അക്ഷര വിന്യാസരീതി ഇടത്തുനിന്നു വലത്തോട്ടു Q,W,E,R,T,Y... എന്നിങ്ങനെയായതുകൊണ്ടാണ് ഈ പേര് വന്നത്.
QWERTY കീബോര്‍ഡിലെ വിന്യാസ രീതിയുടെ കാരണമെന്താണ്? അതിനുത്തരം മിക്കവര്‍ക്കും അറിയാം. കൂടുതല്‍ ടൈപ്പ് ചെയ്യേണ്ടതായി വരുന്ന അക്ഷരങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ടും പൊതുവേ ഉപയോഗം കുറവായവ ചെറുവിരല്‍ കൊണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ ടൈപ്പിംഗ്‌ വേഗം കൂട്ടാന്‍ സാധിക്കുന്നു.
എന്നാല്‍ ഈ ധാരണ പൂര്‍ണമായും ശരിയല്ല എന്ന് പറയപ്പെടുന്നു. ആദ്യകാല കീബോര്‍ഡുകളിലെ അക്ഷരവിന്യാസം alphabetical ഓര്‍ഡറില്‍ തന്നെ (A, B, C... എന്ന ക്രമത്തില്‍) ആയിരുന്നു. അവ പൂര്‍ണമായും മെക്കാനിക്കല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരുന്നു. ഓരോ കീയും അമര്‍ത്തുമ്പോള്‍ അതുമായി ബന്ധപ്പെടുത്തിയ ഒരു കമ്പി ഉയരുകയും റിലീസ് ചെയ്യുമ്പോള്‍ അത് താഴേക്ക്‌ പതിക്കുന്നതോടൊപ്പം മഷി പുരണ്ട റിബണില്‍ വന്നിടിക്കുകയും ആ അക്ഷരം റിബണിനു താഴെയുള്ള കടലാസ്സില്‍ മുദ്രിതമാകുകയും ചെയ്യുന്നു. വേഗത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരേ സമയം കുറെ കമ്പികള്‍ ഉയരും. അവ ചിലപ്പോള്‍ പരസ്പരം കുരുങ്ങി പോകാനും സാധ്യതയുണ്ട്. ഈ പ്രശ്നം ഒഴിവാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ അടുത്തടുത്ത അക്ഷരങ്ങള്‍ കീബോര്‍ഡിലെ വിന്യാസത്തില്‍ അകലെയക്കാന്‍ ശ്രമം നടന്നു. അങ്ങനെ ആവിഷ്കരിക്കപ്പെട്ട തൃപ്തികരമായ ഒരു വിന്യാസമാണ് QWERTY. കാലത്തിന്റെ കുത്തൊഴുക്കില്‍ കമ്പികളും കുരുക്കുമെല്ലാം ഒഴുകിപ്പോയി. ഇലക്ട്രോണിക് കീബോര്‍ഡുകള്‍ വന്നു. ടച്സ്ക്രീന്‍ കീബോര്‍ഡുകള്‍ വന്നു. കാലങ്ങളായി ശീലിച്ചു വന്ന രീതി മാത്രം മാറിയില്ല. ഇന്ന് എല്ലാവര്‍ക്കും QWERTY കീബോര്‍ഡുകള്‍ എന്താണെന്നു അറിയാം. എന്തിനാണെന്ന് ചോദിച്ചാല്‍ തൃപ്തികരമായ ഒരു ഉത്തരവുമുണ്ട് - വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള മാര്‍ഗം.
വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ QWERTY യെക്കാള്‍ നല്ലൊരു വിന്യാസ രീതി വേറെ നിര്‍ദേശിക്കാവുന്നതാണ്‌. ഒരു പക്ഷെ, QWERTY കീബോര്‍ഡിന്റെ രൂപകല്പനയില്‍ ചൂണ്ടുവിരലിന്റെ പ്രാധാന്യം പരിഗണിച്ചിരിക്കാം. വേഗത്തില്‍ ടൈപ്പ് ചെയ്യുവാനുള്ള ഏറ്റവും കുറ്റമറ്റ രീതി QWERTY അല്ല എന്നാണ് ഉദ്ദേശിച്ചത്. അക്ഷരക്രമം ഏതു രീതിയില്‍ ആയാലും ചുരുങ്ങിയ കാലയളവില്‍ വേഗത്തില്‍ അതുപയോഗിക്കാന്‍ പഠിക്കാന്‍ മനുഷ്യ മസ്തിഷ്കത്തിന് കഴിവുണ്ട്. ഉപയോഗ ആധിക്യം കൊണ്ട് ചെറുവിരലിന്റെ സ്വധീനക്കുറവു ഒരു പ്രശ്നമേ അല്ലതയിത്തീരും.
ഏതു ചോദ്യത്തിനും ഉത്തരം അറിയതിരിക്കുന്നതാണ്  തെറ്റായ ഉത്തരം അറിഞ്ഞിരിക്കിന്നതിലും നല്ലത്. തെറ്റായ ഉത്തരം ഓര്‍മയില്‍ സൂക്ഷിക്കുമ്പോള്‍ അത് ശരിയാണെന്ന് വൃഥാ ധരിച്ചാണ് അങ്ങനെ ചെയ്യുന്നത്. ചോദ്യങ്ങള്‍ സ്ഥിരമാണെങ്കിലും ഉത്തരങ്ങള്‍ കാലക്രമേണ മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. ശാസ്ത്രസത്യങ്ങള്‍ നിരന്തരം തിരുത്തപ്പെടലുകള്‍ക്ക് വിധേയമാകുന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ ചോദ്യത്തിനുത്തരം അറിയില്ലെന്ന് പറയുന്നവരെ പരിഹസിക്കുകയാണോ വേണ്ടത്?

Saturday, August 6, 2011

മലയാളം സോഫ്റ്റ്‌വെയര്‍ എങ്ങനെ ഉണ്ടാക്കാം?

മലയാളത്തില്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുന്നതിനു Qt - framework ആണ് ഇവിടെ ഉപയോഗിക്കുന്നത്. Qt -ഇല്‍ സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കാന്‍ താരതമ്യേന എളുപ്പമാണ്. മലയാളം കാണാന്‍ മലയാളം ഫോണ്ടുകള്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതുണ്ട്. Qt യൂണികോഡ് എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനാല്‍ മലയാളം അടങ്ങുന്ന കുറെ ഇന്ത്യന്‍ ഭാഷകള്‍ Qt ഇല്‍ ഉപയോഗിക്കാം. Qt ഉപയോഗിച്ച് സ്വന്തമയി മലയാളം സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കുകയോ, ഇംഗ്ലീഷില്‍ ഉള്ള അപ്ലിക്കേഷന്‍ മലയാളത്തിലേക്ക് ഭാഷാമാറ്റം ചെയ്യുകയോ ചെയ്യാവുന്നതാണ്. Opentechlab (ഇംഗ്ലീഷ്) ഇല്‍ ഇത് എങ്ങനെയാണെന്ന് ഇംഗ്ലീഷില്‍ വിവരിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, അത് മലയാളത്തിലേക്ക് ഭാഷാമാറ്റം ചെയ്തിട്ടില്ല. മലയാളത്തില്‍ ഇല്ലാത്ത സാങ്കേതിക പദങ്ങള്‍ കൂടുതല്‍ ഉള്ളതിനാലാണ് ഭാഷാമാറ്റം ചെയ്യാത്തത്.

Wednesday, July 27, 2011

വാള്‍ടറുടെ ആമയും വൗകാന്‍സണിന്റെ താറാവും

കൃത്രിമ ബുദ്ധി (Artificial Intelligence) എന്ന ശാസ്ത്രശാഖ ഇപ്പോഴാണ്‌ ഒന്ന് പച്ച പിടിക്കാന്‍ തുടങ്ങിയതെങ്ങിലും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ ശാസ്ത്രശാഖയ്ക്ക്. അശാന്താരായ പല അന്വേഷകരും 'ബുദ്ധിയുള്ള യന്ത്രങ്ങള്‍' സൃഷ്ടിക്കുവാന്‍ മരണം വരെ ശ്രമിച്ചിരുന്നതായി ചരിത്രം പറയുന്നു. മനുഷ്യരെപ്പോലെ ചിന്തിക്കുന്ന യന്ത്രങ്ങള്‍ - അതായിരുന്നു അവരുടെ സ്വപ്നം. അതെല്ലാം ഇപ്പോഴും ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. ഭാവിയിലേക്ക് നൂറ്റാണ്ടുകള്‍ സഞ്ചരിച്ചു സ്വപ്നം കണ്ടിരുന്ന അത്തരം ചില ശാസ്ത്രജ്ഞരെയും അവരുടെ സംഭാവനകളുമാണ് ഇവിടെ പരിചയപ്പെടുന്നത്.

'വാള്‍ടറുടെ ആമ' ((Walter's turtle) എന്ന ചെറു കളിപ്പാട്ടം നിര്‍മിച്ചപ്പോള്‍ ഗ്രേ വാള്‍ടര്‍ എന്ന ആ ശാസ്ത്രജ്ഞന്‍ അതിനെ വിളിച്ചത് 'Machina Speculatrix' എന്നായിരുന്നു. ട്രാന്‍സിസ്റ്റര്‍ -കള്‍ക്ക് മുന്‍പുള്ള കണ്ടുപിടുത്തമയതിനാല്‍ രണ്ടു വാക്വം ട്യൂബുകള്‍ ഉപയോഗിച്ചാണ്‌ അതിന്റെ മസ്തിഷ്കം (brain)നിര്‍മ്മിച്ചത്. അതിന്റെ പ്രവത്തനതത്വം ഒറ്റനോട്ടത്തില്‍ ലളിതമാണ്. ഒരു ചെറിയ മുച്ചക്ര വാഹനം പോലെയുള്ള കളിപ്പാട്ടം. കാണുമ്പോള്‍ ഒരു ഓട്ടോറിക്ഷ പോലെ. മുന്‍ചക്രം വശങ്ങളിലേക്ക് തിരിച്ചു ഇതു ദിശയിലേക്കും സഞ്ചരിക്കാന്‍ അതിനു കഴിയുമായിരുന്നു. മുന്‍പില്‍ ഒരു പ്രകാശ സംവേദിനി (light sensor - like photo transitor, LDR etc.) ഘടിപ്പിച്ചിരുന്നു.മുന്‍പിലെ പ്രകാശം നോക്കി പ്രകാശത്തിനു നേരെ നീങ്ങാവുന്ന രീതിയിലായിരുന്നു അതിന്റെ നിര്‍മാണം. ഇത്തരത്തിലുള്ള ചെറു റോബോട്ടുകള്‍ ഇന്ന് സുലഭമാണ്. അത്തരമൊന്നു സ്വന്തമായി ഉണ്ടാക്കാന്‍ ഇവിടം സന്ദര്‍ശിക്കുക. പക്ഷേ വാള്‍ടര്‍ അത് നിര്‍മ്മിച്ചത്‌ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. അക്കാലത്ത് മറ്റാരുടെയും ഭാവനയില്‍ അത്തരമൊന്നു ഉരുവായില്ല. ഇതുപോലുള്ള രണ്ടെണ്ണമാണ് വാള്‍ടര്‍ ഉണ്ടാക്കിയത്. ഒന്നിനെ എല്‍മര്‍ (Elmer) എന്നും രണ്ടാമത്തേതിനെ എല്‍സി (Elsie) എന്നും വിളിച്ചു. ഓരോ റോബോട്ടിന്റെയും പിന്‍ഭാഗത്ത് ഓരോ ബള്‍ബുകള്‍ ഘടിപ്പിച്ചു. സെന്‍സറിനും ബള്‍ബിനും മദ്ധ്യേ ഒരു മറ സ്ഥാപിച്ചിരുന്നതിനാല്‍ സ്വന്തം പ്രകാശം അതതു റോബോട്ടുകള്‍ക്ക് കാണാന്‍ സാധിക്കില്ല. പിന്നില്‍ പ്രകാശം പരത്തി അത് കാണാനാകാതെ പ്രകാശം തേടി നടക്കുന്ന രണ്ടു ചെറു വാഹനങ്ങളെയാണ് അവ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ കാണുക. എല്‍മറിനെയും എല്‍സിയെയും ആദവും ഹവ്വയും ആയാണ് വാള്‍ടര്‍ ഉപമിച്ചത് (ബൈബിളില്‍ ഭൂമിയിലെ ആദ്യത്തെ പുരുഷനും സ്ത്രീയുമായി ചിത്രീകരിക്കുന്നവരാണ് ആദവും ഹവ്വയും). അതിനുശേഷം രണ്ടു റോബോട്ടുകളും നിലത്തു വച്ചു പ്രവര്‍ത്തിപ്പിച്ചു. രണ്ടു പേരും പ്രകാശം തേടിനടന്നു. അവസാനം അവരിരുവരും കണ്ടുമുട്ടി. അനുരാഗ വിവശരായ കമുകീകമുകന്മാരെപ്പോലെ അവര്‍ നൃത്തം ചെയ്തു. അതിനെപ്പറ്റി വാള്‍ടര്‍ തന്റെ 'ജീവിക്കുന്ന മസ്തിഷ്കം' (The living brain) എന്നാ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു: "ജീവനുള്ളവയെന്നു തോന്നുംവിധം അവ അലസസഞ്ചാരം നടത്തുകയും ചിലയ്കുകയും നൃത്തം ചെയ്യുകയും ചെയ്തു".
ബുദ്ധിയുള്ള ജീവികളുടെ ഒരു പ്രധാന ലക്ഷണമാണ് പരിസരബോധം (self awareness). എല്‍മര്‍ക്കും എല്‍സിക്കും ഒരു ചെറിയ അളവിലെങ്കിലും പരിസരബോധം കൈവരുന്നതിന്റെ ലക്ഷണങ്ങള്‍ കാണാന്‍ കഴിഞ്ഞുവെന്നു ഗ്രേ വാള്‍ടര്‍ വാദിച്ചു.

അതുപോലെ മറ്റൊരു കൗതുക നിര്‍മിതിയാണ് വൗകാന്‍സണിന്റെ താറാവ് (digesting duck). അതിനു യഥാര്‍ത്ഥ തറാവിനെപ്പോലെ തന്നെ ശബ്ദമുണ്ടാക്കാനും ചെറിയ ധാന്യമണികള്‍ ഭക്ഷിക്കാനും സാധിച്ചിരുന്നു. ഇതുപോലുള്ള 'ബുദ്ധിയുള്ള' യന്ത്രങ്ങള്‍ ഒരുപാടുണ്ട്. ഇതാ അവയിലെക്കൊരു വാതില്‍.

Tuesday, July 26, 2011

യന്ത്രങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ?

ഈ ചോദ്യത്തിന് ഞാന്‍ എന്ത് ഉത്തരം നല്കുമെന്നതിനു പ്രസക്തിയില്ല. കൃത്രിമ ബുദ്ധി (Artificial Intelligence) യുടെ പിതാവായ അലന്‍ ട്യൂറിംഗ്  (Alan Turing) എന്ത് പറഞ്ഞു എന്നുള്ളതാണ് ഇന്നത്തെ ചിന്താവിഷയം. "യന്ത്രങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയുമോ?" (Can machines think?) എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി തികഞ്ഞ ദീര്‍ഘവീക്ഷണത്തോടെയും വാക്കുകളുടെ മനോഹാരിത ഒട്ടും ചോരാതെയുമായിരുന്നു. മറുപടി ഇങ്ങനെയായിരുന്നു: "നാം എങ്ങനെയാണു യന്ത്രം, ചിന്ത, തുടങ്ങിയ വാക്കുകളെ നിര്‍വചിച്ചിരിക്കുന്നത് (define) എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചോദ്യത്തിനുത്തരം."
അദ്ദേഹത്തിന്റെ ഉത്തരം നമുക്ക് പരിശോധിക്കാം. ആദ്യമായി 'യന്ത്രം'(machine) എന്നാല്‍ എന്താണ്? പണ്ട് മുച്ചിങ്ങയില്‍ ഈര്‍ക്കിലി കുത്തി  കൈപമ്പരം ഉണ്ടാക്കി കളിച്ചിരുന്നത് ഓര്‍മയുണ്ട്. ആ കൈപമ്പരം മുതല്‍ കമ്പ്യൂട്ടര്‍ വരെ  എല്ലാം എന്നെ സംബന്ധിച്ചിടത്തോളം യന്ത്രങ്ങളാണ്. കൈപമ്പരം പോലുള്ള കളിപ്പാട്ടങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയുമ്പോള്‍ കമ്പ്യൂട്ടര്‍ ചിന്തിക്കുമോ എന്ന് പെട്ടെന്ന് എനിക്ക് ഉത്തരം പറയാന്‍ കഴിയില്ല. ഒരുപാടു കാരണങ്ങളുണ്ട് എനിക്ക് പറയാന്‍. ഞാന്‍ ടൈപ്പ് ചെയ്യുമ്പോള്‍ കമ്പ്യൂട്ടര്‍ നല്ല ഒരു അദ്ധ്യാപകനെപ്പോലെ സ്പെല്ലിങ്ങും ഗ്രാമറും തിരുത്തുന്നു, ഞാന്‍ മറന്നു പോയവ ഓര്‍മിപ്പിക്കുന്നു, ഉപയോഗമില്ലെങ്കില്‍ തനിയെ shut-down ആകുന്നു....അങ്ങനെയങ്ങനെ. ഒരു ബുദ്ധിയുള്ള യന്ത്രത്തെപ്പോലെ തന്നെയാണ് ഈ പെരുമാറ്റം. യന്ത്രങ്ങളില്‍ കാലം ഉണ്ടാക്കിയ മാറ്റത്തില്‍ കൃത്രിമ ബുദ്ധിയുടെ ഏതൊക്കെയോ ചില മാനങ്ങള്‍ യന്ത്രങ്ങള്‍ക്കു കൈവന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കമ്പ്യൂട്ടറില്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ക്കു മുന്‍പേയുള്ള പല യന്ത്രങ്ങളിലും അന്തര്‍ബോധത്തിന്റെ (consciousness) ചില അംശങ്ങള്‍ ഉണ്ടെന്നു ഈ രംഗത്തെ ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഇവയെപ്പറ്റി മറ്റൊരു പോസ്റ്റില്‍ ഞാന്‍ വിശദീകരിച്ചിട്ടുണ്ട്. അത്തരം ഒരു യന്ത്രത്തിന്റെ ഏറ്റവും പരിഷ്കൃത രൂപമാണ്‌ കമ്പ്യൂട്ടര്‍.
 മേല്പറഞ്ഞതിലും സങ്കീര്‍ണമാണ്  'ചിന്ത' (think) എന്നത്. ഇതിനെ തൃപ്തികരമായി നിര്‍വചിക്കാന്‍ ശാസ്ത്ര ലോകത്തിനു കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.അതുകൊണ്ട് അത് ഉത്തരമില്ലാതെ ചോദ്യമാണ് എന്നായിരിക്കാം ട്യൂറിംഗ് ഉദ്ദേശിച്ചത്. നിര്‍വചനം ഇല്ലാത്ത സവിശേഷതകള്‍ പഠിക്കുന്നതിനു ശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ്‌ ആ സവിശേഷതകളുള്ള മറ്റൊന്നുമായി താരതമ്യം ചെയ്യുക എന്നത്. ഉദാഹരണത്തിന് ഒരു യന്ത്രം ചിന്തിക്കുന്നുണ്ടോ എന്നറിയുന്നതിനു ചിന്തിക്കുന്ന ഒന്നുമായി (ഉദാഹരണമായി മനുഷ്യന്‍) താരതമ്യം ചെയ്തു നോക്കിയാല്‍ മതി. ഇത്തരമൊരു രീതിയാണ്‌  ട്യൂറിങ്ങും അവലംബിച്ചത്. ഇത് ട്യൂറിംഗ് ടെസ്റ്റ്‌ എന്ന് പൊതുവേ അറിയപ്പെടുന്നു. ട്യൂറിംഗ് ടെസ്റ്റിന്റെ ഒരു ലളിതമായ രൂപം താഴെപ്പറയുന്നു:

ഒരു യന്ത്രത്തെയും മനുഷ്യനെയും രണ്ടു മുറികളിലായി ഇരുത്തുക. ഇനി മറ്റൊരാള്‍ വിധികര്‍ത്താവായി (judge) ഇവര്‍ രണ്ടു പേരോടും ഇവരെ നേരിട്ട് കാണാന്‍ കഴിയാത്ത മറ്റൊരിടത്ത് നിന്നുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുന്നു. യന്ത്രവും മനുഷ്യനും ഏതൊക്കെ മുറികളിലാണ് എന്നത് വിധികര്‍ത്താവിനു അറിഞ്ഞുകൂടാ. വിധികര്‍ത്താവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി യന്ത്രവും മനുഷ്യനും പറയുന്ന ഉത്തരങ്ങള്‍ പരിശോധിച്ച് അതില്‍ ഇതാണ് യന്ത്രം, ഏതാണ് മനുഷ്യന്‍ എന്ന് കൃത്യമായി പറയാന്‍ കഴിയാതെ വരുന്നുവെന്ന് കരുതുക. അപ്പോള്‍ യന്ത്രം മനുഷ്യനെപ്പോലെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം.
പ്രോട്ടീന്‍ നിര്‍മിതമായ ജീവനുള്ള വസ്തുക്കള്‍ക്ക് മാത്രമേ ചിന്തിക്കാന്‍ കഴിയൂ എന്ന് തത്വശാസ്ത്രജ്ഞര്‍ക്കിടയില്‍ പരക്കെ ഒരു വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇവയെല്ലാം ശരിയായി നിര്‍വചിക്കുന്നത് വരെ ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ കഴിയില്ല.

ഇന്ത്യന്‍ പ്രാദേശിക ഭാഷ സഹായി

ഇന്ത്യന്‍ ഗവണ്മെന്റ്  പ്രാദേശിക ഭാഷകളുടെ കമ്പ്യൂട്ടര്‍ ഉപയോഗത്തിന് സഹായം നല്‍കുന്നതിനു വേണ്ടി നിലവില്‍ വരുത്തിയിരിക്കുന്ന വിഭാഗമാണ് Technology Development for Indian Languages. നിങ്ങള്‍ക്ക് ഇവിടെനിന്നും അതതു പ്രാദേശിക ഭാഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയര്‍ ടൂളുകള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. മൈക്രോസോഫ്ട്‌ വിന്‍ഡോസ്‌ -നെ സപ്പോര്‍ട്ട് ചെയ്യുന്ന ടൂളുകളാണ് കൂടുതല്‍. ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സൗജന്യ  CD നിങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്യുകയുമാവാം. ഈ CD യില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ടൂളുകള്‍ ഇവയാണ്.
  1. True type fonts with keyboard driver
  2. Multifont keyborad engine for the true type fonts
  3. Unicode complient fonts
  4. BHARATEEYA Open Source
  5. Language OCR
  6. Language spell checker
  7. Bilingual dictionary
  8. Font design tool
  9. Transliteration tool
  10. Language text editor
  11. Tutor package
  12. Text to speech system
  13. Database sorting tool
  14. Number to word tool
  15. Typing tutor
  16. Language suppoted microsoft excel
  17. Type assistant
ഈ CD നല്‍കുന്നത് ഇന്ത്യന്‍ ഗവണ്മെന്റ്-ന്റെ Ministry of Communications and Information വിഭാഗമാണ്. C-DAC, Cyber space multimedia Ltd.,C K Technologies, Cadgraf Digitals System Ltd., Cyber Thomson, IMRC എന്നിവര്‍ സഹായിച്ചിരിക്കുന്നു.
Technology Development for Indian Languages(TDIL) ന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday, July 25, 2011

നമ്മുടെ അറിവിനെ പറ്റി

നമ്മുടെ അറിവ് വളരെ പരിമിതമാണ്. അറിവ് തേടുന്നതിനെ മണ്ണില്‍ കുഴിക്കുന്ന കര്‍ഷകനെന്ന് ഉപമിച്ചാല്‍, അയാള്‍ കുഴിക്കുന്നത് മുകളില്‍നിന്നോ താഴെനിന്നോ അല്ല, മറിച്ച് ഇടയില്‍ നിന്നത്രേ. ശാസ്ത്രത്തെ ഒരറ്റത്ത് നിന്ന് പഠിക്കാന്‍ കഴിയില്ല, ഇടയില്‍ നിന്നേ കഴിയൂ. കാരണം നമുക്ക് തുടക്കതെയോ ഒടുക്കതെയോ പറ്റി യാതൊരു അറിവുമില്ല. നാം ഇടയില്‍ നിന്ന് മുകളിലേക്കും താഴേക്കും കുഴിക്കുന്നു, പക്ഷെ എങ്ങുമെത്തുന്നില്ല.
ഉദാഹരണത്തിന്, ഒരു വ്യക്തി പ്രപഞ്ചത്തെപറ്റി പഠിക്കാന്‍ തുനിഞ്ഞിറങ്ങുന്നു. അയാള്‍ ആദ്യം വര്‍ത്തമാന ലോകത്തെ അറിയാന്‍ ശ്രമിക്കുന്നു - മരങ്ങള്‍, പക്ഷികള്‍, മനുഷ്യര്‍... അങ്ങനെയങ്ങനെ. പിന്നീട് ഭൂത കാലത്തേക്കും ഭാവിയിലേക്കും ചിന്തിക്കാന്‍ തുടങ്ങുന്നു. ഇവിടെ സമയം ആണ് മാനദണ്ഡം. ഇനി വലിപ്പമാണ് മാനദണ്ഡം എങ്കില്‍ അയാള്‍ പിന്നിലേക്ക്‌ - atom , തന്മാത്രകള്‍ തുടങ്ങിയവയിലേക്ക്..ഇനി മുന്‍പിലേക്ക് ആണെങ്കില്‍ സൂര്യന്‍, സൗരയൂഥം തുടങ്ങിയവ. ഇവിടെയൊന്നും നാം ഒരറ്റത്തും എത്തുന്നില്ല എന്നതാണ് പ്രത്യേകത. മനുഷ്യന്റെ അറിവ് എല്ലാ മാനങ്ങളിലും വളരെ പരിമിതമാണെന്ന് തോന്നിപോകുന്നു. കാരണം അത് ഇന്നേ വരെ ഒരറ്റം സ്പര്‍ശിച്ചിട്ടില്ല. അങ്ങനെയുള്ളവയോ, അസ്ഥിരവും.