സാധാരണയായി ഉപയോഗത്തിലുള്ള കീബോര്‍ഡിന്റെ അക്ഷര വിന്യാസരീതി alphabetical ഓര്‍ഡറില്‍ അല്ല. QWERTY കീബോര്‍ഡ് എന്നാണ് അവയെ വിളിക്കുന്നത്. അതിലെ അക്ഷര വിന്യാസരീതി ഇടത്തുനിന്നു വലത്തോട്ടു Q,W,E,R,T,Y... എന്നിങ്ങനെയായതുകൊണ്ടാണ് ഈ പേര് വന്നത്.
QWERTY കീബോര്‍ഡിലെ വിന്യാസ രീതിയുടെ കാരണമെന്താണ്? അതിനുത്തരം മിക്കവര്‍ക്കും അറിയാം. കൂടുതല്‍ ടൈപ്പ് ചെയ്യേണ്ടതായി വരുന്ന അക്ഷരങ്ങള്‍ ചൂണ്ടുവിരല്‍ കൊണ്ടും പൊതുവേ ഉപയോഗം കുറവായവ ചെറുവിരല്‍ കൊണ്ടും ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍ ടൈപ്പിംഗ് വേഗം കൂട്ടാന്‍ സാധിക്കുന്നു.
എന്നാല്‍ ഈ ധാരണ പൂര്‍ണമായും ശരിയല്ല എന്ന് പറയപ്പെടുന്നു. ആദ്യകാല കീബോര്‍ഡുകളിലെ അക്ഷരവിന്യാസം alphabetical ഓര്‍ഡറില്‍ തന്നെ (A, B, C... എന്ന ക്രമത്തില്‍) ആയിരുന്നു. അവ പൂര്‍ണമായും മെക്കാനിക്കല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയിരുന്നു. ഓരോ കീയും അമര്‍ത്തുമ്പോള്‍ അതുമായി ബന്ധപ്പെടുത്തിയ ഒരു കമ്പി ഉയരുകയും റിലീസ് ചെയ്യുമ്പോള്‍ അത് താഴേക്ക് പതിക്കുന്നതോടൊപ്പം മഷി പുരണ്ട റിബണില്‍ വന്നിടിക്കുകയും ആ അക്ഷരം റിബണിനു താഴെയുള്ള കടലാസ്സില്‍ മുദ്രിതമാകുകയും ചെയ്യുന്നു. വേഗത്തില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ഒരേ സമയം കുറെ കമ്പികള്‍ ഉയരും. അവ ചിലപ്പോള്‍ പരസ്പരം കുരുങ്ങി പോകാനും സാധ്യതയുണ്ട്. ഈ പ്രശ്നം ഒഴിവാക്കാന്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകളുടെ അടുത്തടുത്ത അക്ഷരങ്ങള്‍ കീബോര്‍ഡിലെ വിന്യാസത്തില്‍ അകലെയക്കാന്‍ ശ്രമം നടന്നു. അങ്ങനെ ആവിഷ്കരിക്കപ്പെട്ട തൃപ്തികരമായ ഒരു വിന്യാസമാണ് QWERTY. കാലത്തിന്റെ കുത്തൊഴുക്കില്‍ കമ്പികളും കുരുക്കുമെല്ലാം ഒഴുകിപ്പോയി. ഇലക്ട്രോണിക് കീബോര്‍ഡുകള്‍ വന്നു. ടച്സ്ക്രീന്‍ കീബോര്‍ഡുകള്‍ വന്നു. കാലങ്ങളായി ശീലിച്ചു വന്ന രീതി മാത്രം മാറിയില്ല. ഇന്ന് എല്ലാവര്‍ക്കും QWERTY കീബോര്‍ഡുകള്‍ എന്താണെന്നു അറിയാം. എന്തിനാണെന്ന് ചോദിച്ചാല്‍ തൃപ്തികരമായ ഒരു ഉത്തരവുമുണ്ട് - വേഗത്തില്‍ ടൈപ്പ് ചെയ്യാനുള്ള മാര്‍ഗം.
വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ QWERTY യെക്കാള്‍ നല്ലൊരു വിന്യാസ രീതി വേറെ നിര്‍ദേശിക്കാവുന്നതാണ്. ഒരു പക്ഷെ, QWERTY കീബോര്‍ഡിന്റെ രൂപകല്പനയില്‍ ചൂണ്ടുവിരലിന്റെ പ്രാധാന്യം പരിഗണിച്ചിരിക്കാം. വേഗത്തില്‍ ടൈപ്പ് ചെയ്യുവാനുള്ള ഏറ്റവും കുറ്റമറ്റ രീതി QWERTY അല്ല എന്നാണ് ഉദ്ദേശിച്ചത്. അക്ഷരക്രമം ഏതു രീതിയില്‍ ആയാലും ചുരുങ്ങിയ കാലയളവില്‍ വേഗത്തില്‍ അതുപയോഗിക്കാന്‍ പഠിക്കാന്‍ മനുഷ്യ മസ്തിഷ്കത്തിന് കഴിവുണ്ട്. ഉപയോഗ ആധിക്യം കൊണ്ട് ചെറുവിരലിന്റെ സ്വധീനക്കുറവു ഒരു പ്രശ്നമേ അല്ലതയിത്തീരും.
ഏതു ചോദ്യത്തിനും ഉത്തരം അറിയതിരിക്കുന്നതാണ് തെറ്റായ ഉത്തരം അറിഞ്ഞിരിക്കിന്നതിലും നല്ലത്. തെറ്റായ ഉത്തരം ഓര്‍മയില്‍ സൂക്ഷിക്കുമ്പോള്‍ അത് ശരിയാണെന്ന് വൃഥാ ധരിച്ചാണ് അങ്ങനെ ചെയ്യുന്നത്. ചോദ്യങ്ങള്‍ സ്ഥിരമാണെങ്കിലും ഉത്തരങ്ങള്‍ കാലക്രമേണ മാറ്റങ്ങള്‍ക്കു വിധേയമാകുന്നു. ശാസ്ത്രസത്യങ്ങള്‍ നിരന്തരം തിരുത്തപ്പെടലുകള്‍ക്ക് വിധേയമാകുന്നുണ്ടല്ലോ. അങ്ങനെയെങ്കില്‍ ചോദ്യത്തിനുത്തരം അറിയില്ലെന്ന് പറയുന്നവരെ പരിഹസിക്കുകയാണോ വേണ്ടത്?